ധോണി: ജില്ലയിലെ പൈതൃക ഉത്പന്നമായ രാമശ്ശേരി ഇഡ്ഡലിയെയും അതുണ്ടാക്കി ഉപജീവനം നടത്തുന്ന കുടുംബങ്ങളെയും അന്തസോടെ നിലനിർത്താനായുള്ള സംരംഭക വികസന പദ്ധതിയുടെ ഭാഗമായി ബിസിനസ് മാനേജ്മെന്റ് പരിശീലനം നൽകി.
ലീഡ് കോളജ് ഓഫ് മാനേജ്മെന്റിന്റെ നേതൃത്വത്തിൽ രാമശ്ശേരി ഗാന്ധി ആശ്രമത്തിന്റെ സഹകരണത്തോടെയാണ് പരിശീലനം സംഘടിപ്പിച്ചത്. രാമശേരി ഇഡ്ഡലിയുടെ തനിമയും സാംസ്കാരിക പാരമ്പര്യവും നിലനിർത്തിക്കൊണ്ടു ഗുണമേന്മയോടെ ഉത്പാദനശേഷി കൂട്ടുക, ആധുനിക വിപണനസംവിധാനം ഒരുക്കി മാന്യമായ വരുമാനം കുടുംബത്തിനു ഉറപ്പാക്കുക, മികച്ചപരിശീലനവും സാമ്പത്തിക പിന്തുണയും നൽകി നല്ല സംരംഭകരാക്കി ഉയർത്തുക തുടങ്ങി ലക്ഷ്യങ്ങളോടെയാണ് പദ്ധതിക്ക് രൂപംനൽകിയിട്ടുള്ളത്.
ഗാന്ധിജി വിഭാവനം ചെയ്ത പ്രാദേശിക സാമൂഹ്യ സാമ്പത്തിക വികസനം ലക്ഷ്യമാക്കി ഭക്ഷണ രംഗത്തെ വിദഗ്ധരുടെ പിന്തുണയോടെയാണ് ഈ പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുന്നത്. ലീഡ് കോളജ് ഡയറക്ടർ ഡോ. തോമസ് ജോർജ്, ഗാന്ധി ആശ്രമം ട്രസ്റ്റി പുതുശേരി ശ്രീനിവാസൻ, ലീഡ് കോളജ് ഗവേഷണ വിഭാഗം മേധാവി ഷാജു മീറ്റ്ന തുടങ്ങിയവർ പരിശീലന പരിപാടിക്കു നേതൃത്വം നൽകി. പി. വിജയകുമാരി, രാജേശ്വരി, സ്മിത, സദാശിവൻ, ശ്രീദേവി രവിന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.